ചിരി ഉറച്ചു പോയവൾ!

ഇവൾ,
ചിരി ഉറച്ചു പോയവൾ!

ഉടവുതട്ടാതെ
ഉറച്ചിരിക്കാൻ
അഭിമാനം കുഴച്ച്
സ്നേഹം പൊതിഞ്ഞ്
പതിച്ചു വച്ചത്-
കുടുംബം കൂട്ടുകാർ
പിന്നെ,
കുറേ കാഴ്ച്ചക്കാരും....!

പറിച്ചെറിയാത-
ങ്ങോളം ചുമക്കണം,
നീരു വച്ച കൺകളെ
ഒളിച്ചു വയ്ക്കണം,
എഴുതിവച്ച സ്വപ്നങ്ങൾ
ഉപ്പിലിട്ട് തിന്നണം,
ഇഷ്ടങ്ങളത്രയും
ചുട്ടും കളയണം!!

മൊഴികളൊതുക്കി,
സ്വരം മറന്ന്,
പറഞ്ഞു പടിപ്പിച്ച
പക്ഷങ്ങൾ പറഞ്ഞ്
നല്കണം;
അനുസരണക്കൂലി,
വിധേയത്വ സമ്മാനം
മൗന സമ്മതം!!

ഇവൾ
ചിരി മറന്നുപോയവൾ!

0